വളരെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ഒരു ഇൻഡോ ചൈനീസ് വിഭവം. പച്ചക്കറികൾ ചേർക്കുന്നത് കൊണ്ട് പോഷകം നിറഞ്ഞതും - സ്കൂൾ വിട്ടു വിശന്നു വരുന്ന കുട്ടികൾക്ക് പറ്റിയത്.
ഹക്കാ നൂഡിൽസ് ഉണ്ടാക്കാൻ വേണ്ടത് :~
--------------------------
A. ഒരു പാക്കെറ്റ് നൂഡിൽസ് - 200 gm
B. പച്ചക്കറികൾ - ഇവ എല്ലാം നീളത്തിൽ കനം കുറച്ചരിയുക:
ബീൻസ്, കാരറ്റ്, കാബേജ് (പച്ച & വയലറ്റ് നിറത്തിൽ ഉള്ളത്), സെലറി, കാപ്സിക്കം (പല നിറത്തിൽ ഉള്ളത്), സ്പ്രിംഗ് ഒണിയൻ - പച്ചയും വെള്ളയും നിറത്തിൽ ഉള്ളത് വേറെ വേറെയാക്കി അരിയുക
മുളപ്പിച്ച പയർ (Bean sprouts)
* നിങ്ങളുടെ കയ്യിൽ ഉള്ളതും എളുപ്പത്തിൽ വേകുന്നതുമായ പച്ചക്കറികൾ ഉപയോഗിക്കുക.
C. വെളുത്തുള്ളി -2-3 എണ്ണം അരിഞ്ഞത്
D. വിനാഗിരി - 1 tsp, സോയ സോസ് 1-2 tsp, ചില്ലി സോസ് - 1 tsp (optional)
E. എണ്ണ, ഉപ്പ്, കുരുമുളക് പൊടി
തയ്യാറാക്കിയ വിധം:~
--------------------------
1. ആദ്യം നൂഡിൽസ് വേവിച്ചു അതിലുള്ള വെള്ളം ഊറ്റി കളഞ്ഞു പച്ചവെള്ളത്തിൽ ഇട്ട ശേഷം വെള്ളം തോരാൻ വെയ്ക്കുക.
നൂഡിൽസ് അധികം വെന്തു പോകരുത്, ഒരു മുക്കാൽ വേവ് മതി.
ചോറ് വാർക്കുന്ന തുളയുള്ള പാത്രത്തിൽ ആണെങ്കിൽ അത് തണുത്ത വെള്ളത്തിനടിയിൽ കുറച്ചു നേരം വെച്ചിട്ട് വെള്ളം പോകാൻ വെയ്ക്കുക.
2. ഒരു ചീനച്ചട്ടിയിൽ (Wok) എണ്ണ ചൂടാക്കി ആദ്യം വെളുത്തുള്ളിയും പിന്നെ സ്പ്രിംഗ് ഒണിയനും ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് നല്ല തീയിൽ കരിയാതെ വേവിക്കുക.
3. പച്ചക്കറികൾ ഒന്ന് വാടി വരുമ്പോൾ വേവിച്ചു വെച്ച നൂഡിൽസും സോസുകളും വിനാഗിരിയും ചേർക്കുക. പാകത്തിന് ഉപ്പു ചേർക്കുക. ചട്ടി ചെറുതായി ഉയർത്തി കുലുക്കി വേണം ഇതെല്ലാം മിക്സ് ചെയ്യാൻ.
[ Toss the Wok എന്ന് ചെഫ് ]
ഒന്നോ രണ്ടോ മിനിട്ട് കഴിഞ്ഞു അടുപ്പിൽ നിന്നും വാങ്ങുക. കുരുമുളക് പൊടി ആവശ്യമെങ്കിൽ വിതറി ചൂടോടെ വിളമ്പുക.
സ്വാദിഷ്ടമായ ഹക്കാ നൂഡിൽസ് ഇതാ തയ്യാർ!

